കയ്റോ: സുഡാനിൽ കഴിഞ്ഞയാഴ്ച കിൻഡർഗാർട്ടനു നേർക്കും മറ്റു പ്രദേശങ്ങളിലും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതർ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ 63 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന.
കോർദോഫാൻ സംസ്ഥാനത്തെ കഗോലിയിൽ മൂന്നിടത്ത് വ്യാഴാഴ്ചയായിരുന്നു ഡ്രോൺ ആക്രമണം. ആദ്യം കിൻഡർഗാർട്ടനു നേർക്കായിരുന്നു ആക്രമണം. രോഗികളുമായി പോകുകയായിരുന്നു വാഹനങ്ങളും പിന്നീട് ആക്രമിക്കപ്പെട്ടു. വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തമൂലമാണു മരണസംഖ്യ പുറത്തുവരാൻ വൈകിയത്.
സുഡാനീസ് സൈന്യവും ആർഎസ്എഫും രണ്ടു വർഷമായി തുടരുന്ന സംഘർഷത്തിൽ നാൽപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
1.2 കോടി ആളുകൾ പലായനം ചെയ്തു. മരണസംഖ്യ ഇതിലും ഉയർന്നതാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. എണ്ണ സന്പന്നമായ കോർദോഫാൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് നിലവിൽ സംഘർഷം.
പടിഞ്ഞാറൻ സുഡാനിലെ എൽ-ഫാഷർ ഏതാനും നാൾ മുന്പ് ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഒരു ലക്ഷത്തിലേറെ പേർ പലായനം ചെയ്തു.